നോവ സ്കോഷ്യയിലെ ആരോഗ്യ സംവിധാനത്തിൽ ആശങ്ക ഉന്നയിച്ച് എമർജൻസി വിഭാഗം ഡോക്ടർ . ഹാലിഫാക്സ് ഇൻഫർമറിയിലെ എമർജൻസി ഫിസിഷ്യനായ ഡോ. കിർക്ക് മഗീ, ആണ് നോവ സ്കോഷ്യയിലെ ആരോഗ്യ സംവിധാനത്തിൽ നിലനിൽക്കുന്ന അമിതഭാരത്തെക്കുറിച്ച് കടുത്ത ആശങ്കകൾ ഉന്നയിച്ചിരിക്കുന്നത്. ആശുപത്രികളിലെ തിരക്ക് വർധിക്കുന്നത്, ആരോഗ്യ പ്രവർത്തകർക്ക് രക്ഷിക്കാൻ കഴിഞ്ഞേക്കാവുന്ന രോഗികളുടെ പോലും മരണത്തിന് കാരണമായേക്കാം എന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
ആശുപത്രികളിൽ കിടക്കകളുടെ ക്ഷാമം കാരണം ER-ലേക്കുള്ള പ്രവേശനം തടസ്സപ്പെടുന്നതായും, മിക്കവാറും എല്ലാ ഇൻപേഷ്യൻ്റെ കിടക്കകളും നിറഞ്ഞിരിക്കുകയാണെന്നും ഡോ. കിർക്ക് മഗീ ചൂണ്ടിക്കാട്ടി. ഇത് ER-ൽ പ്രവേശിപ്പിച്ച രോഗികൾക്ക് വാർഡുകളിലേക്ക് മാറാൻ കഴിയാത്ത അവസ്ഥ സൃഷ്ടിക്കുന്നു. തൽഫലമായി, വെയിറ്റിംഗ് റൂമുകളിൽ രോഗികൾക്ക് കൂടുതൽ സമയം കാത്തിരിക്കേണ്ടി വരുന്നു, അതോടൊപ്പം കോബെക്വിഡ് പോലുള്ള പ്രാദേശിക കേന്ദ്രങ്ങളിൽ നിന്ന് നഗരത്തിലേക്ക് മാറ്റേണ്ട ഗുരുതരാവസ്ഥയിലുള്ള രോഗികൾക്കും കാലതാമസം നേരിടുന്നു. നെഞ്ചുവേദന പോലുള്ള ഗുരുതരമായ ലക്ഷണങ്ങളുള്ള ആളുകൾക്ക് പോലും മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം നീണ്ട കാത്തിരിപ്പുകൾ രോഗികൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതായി കനേഡിയൻ അസോസിയേഷൻ ഫോർ റിട്ടയേർഡ് പേഴ്സൺസ് (CARP) മുൻ ചെയർമാൻ വാൻഗോർഡർ പറഞ്ഞു.
ലോവർ സാക്ക്‌വില്ലെയിലെ കോബെക്വിഡ് കമ്യൂണിറ്റി ഹെൽത്ത് സെൻ്ററിലെ സമ്മർദ്ദത്തെക്കുറിച്ച് പ്രതിപക്ഷം (NDP) ആശങ്കകൾ ഉന്നയിച്ചതിന് പിന്നാലെയാണ് ഡോക്ടറുടെ മുന്നറിയിപ്പ് . നിലവിലെ സാഹചര്യത്തിൽ, ആരോഗ്യ സംവിധാനം നേരിടുന്ന ഭീഷണിയെയും അതുണ്ടാക്കുന്ന ദുരിതങ്ങളെയും കുറിച്ചുള്ള ഡോക്ടറുടെ തുറന്നുപറച്ചിൽ പ്രവിശ്യയിലെ ആരോഗ്യ അടിയന്തരാവസ്ഥയുടെ ഗൗരവം വർദ്ധിപ്പിക്കുകയാണ്.